തൃക്കൂര് മഹാദേവ ക്ഷേത്രം
അഗ്നിദേവനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ മഹാദേവക്ഷേത്രം. തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ തൃക്കൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു അന്നു വിശ്വസിക്കുമ്പോഴും ഇത് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു [1]. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ തെക്കുകിഴക്കുമാറി മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ക്ഷേത്രം. കേരളത്തിലെ ഏറ്റവും പേരുകേട്ട ഗുഹാക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്രം ആദിയിൽ ജൈനക്ഷേത്രമായിരുന്നുവെന്നും പിന്നീട് ഹൈന്ദവവൽക്കരിക്കപ്പെട്ടതാണെന്നും ചരിത്രകാരന്മാർ പറയുന്നു. അഗ്നിസ്വരൂപനായ ശിവൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ, പക്ഷേ ശ്രീകോവിലിന്റെ നട വടക്കോട്ടാണ്. ഇത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശിവനോടൊപ്പം ക്ഷേത്രശ്രീകോവിലിൽ പാർവ്വതീസങ്കല്പവുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, ശാസ്താവ്, വരാഹമൂർത്തി (സാളഗ്രാമരൂപത്തിൽ), ഭദ്രകാളി, ദുർഗ്ഗ, ചാമുണ്ഡി, അന്തിമഹാകാളൻ, സപ്തമാതൃക്കൾ, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. മകരമാസത്തിൽ തിരുവാതിരനാളിൽ മണലിപ്പുഴയിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, തുലാമാസത്തിൽ തിരുവാതിരനാളിലെ കളഭാഭിഷേകം, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.പെരുമ്പടപ്പ് മന, കപ്ലിങ്ങാട് മന എന്നിവരിൽ നിന്ന് കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് കുടുംബക്കാരുടെ ഉടമസ്ഥതയിലേക്ക് ഈ ക്ഷേത്രം പിന്നീട് മാറി എന്ന് ഒരു പക്ഷം ഉണ്ട്.