ഭൂപടം
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകരബ്ളോക്കിലാണ് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.തൃക്കൂര്‍,കല്ലൂര്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃക്കൂര്‍ പഞ്ചായത്തിന് 25.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുത്തൂര്‍ പഞ്ചായത്തും തെക്കുഭാഗത്ത് അളഗപ്പനഗര്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അളഗപ്പനഗര്‍, നെന്മണിക്കര പഞ്ചായത്തുകളും കിഴക്കുഭാഗത്ത് വരന്തരപ്പിള്ളി, പുത്തൂര്‍ പഞ്ചായത്തുകളുമാണ്. 1977 ആഗസ്റ്റ് 12-ന് സര്‍ക്കാര്‍ ഉത്തരവു പ്രകാരം തൃക്കൂര്‍ പഞ്ചായത്ത് വിഭജിക്കപ്പെടുകയും നെന്മണിക്കര പഞ്ചായത്ത് രൂപികരിക്കുകയും ചെയ്തു. ഒരു വശത്ത് തൃക്കുര്‍ പുഴയും മറുവശത്ത് പ്രകൃതിരമണീയമായ പച്ചപ്പിടിച്ച മലമടക്കുകളും അവയില്‍ കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളുമുള്ള അതിമനോഹരമായ ഭൂപ്രദേശമാണ് തൃക്കൂര്‍ പഞ്ചായത്ത്.തൃക്കൂരെന്ന പേരുണ്ടായതിനെ ചൊല്ലി പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൃഷ്ണപിഷാരടി എന്നാരു പണ്ഡിതന്റെ കവിതകള്‍ അടങ്ങിയ കൈയ്യെഴുത്തുപ്രതികളില്‍ തൃക്കൂരിനെ ദൃശ്പുരം എന്നു വിളിച്ചിരിക്കുന്നതായി കാണുന്നു. കല്ലൂര്‍, തലോര്‍, പൂത്തൂര്‍ എന്നിങ്ങനെ മുന്ന് ദിക്കുകള്‍ക്കഭിമുഖമായി (തൃ + ദിക്ക് + ഊര്) നില്‍ക്കുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്നാണ് മറ്റൊരഭിപ്രായം കേള്‍ക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല, തൃക്കൂരപ്പനായ ശിവ(തൃക്കണ്ണന്‍)ന്റെ നാടായതുകൊണ്ടാണ് ഈ പേര് വന്നതെന്ന് മറ്റൊരു കൂട്ടര്‍. അഭിപ്രായങ്ങളെന്തായാലും പുരാവസ്തുഗവേഷകര്‍ അവരുടെ രേഖകളില്‍ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന ഗുഹാക്ഷേത്രങ്ങളിലൊന്നാണ് തൃക്കൂര്‍ ശ്രീമഹാദേവ ക്ഷേത്രം. തൃക്കൂര്‍ പഞ്ചായത്തിലുള്ള രണ്ടു വില്ലേജുകളിലൊന്നായ കല്ലൂരിന് ആ പേരു ലഭിച്ചത് അതിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണെന്നു കാണാം. കല്ല് കൂടുതലുള്ള സ്ഥലം(കല്ല്+ഊര്) എന്ന നിലയ്ക്കാണ് ഈ പേരുണ്ടായതെന്ന് പഴമക്കാരും ശരി വയ്ക്കുന്നു. നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന പ്രശാന്തമായ ഈ ഗ്രാമം, തൃശൂര്‍ നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. തൃക്കൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന മണലിയാറിന്റെ തീരത്ത് ഏകദേശം 150 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹര ഗുഹാക്ഷേത്രമായ തൃക്കൂര്‍ ശ്രീമഹാദേവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്